Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BiosphereIntegrity

മ​നു​ഷ്യ​രാ​ശി​യു​ടെ നി​ല​നി​ൽ​പി​നു ഭീ​ഷ​ണി; ഭൂ​മി​യു​ടെ 9 സു​ര​ക്ഷി​ത അ​തി​രു​ക​ളി​ൽ 7 എ​ണ്ണ​വും ലം​ഘി​ക്ക​പ്പെ​ട്ടെന്നു മുന്നറിയിപ്പ്

മനുഷ്യന്‍റെ നിലനിൽപ്പ് താളംതെറ്റുകയാണോ? ഭൂമി കൂടുതൽ പ്രതിസന്ധികളിലേക്കു നീങ്ങുകയാണോ? ജർമനിയിലെ പോ​ട്സ്ഡാം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ക്ലൈ​മ​റ്റ് ഇം​പാ​ക്‌ട് പഠന റിപ്പോർട്ട് ലോകമെന്പാടും ആശങ്കപരത്തുന്നതായി. ജീ​വ​ജാ​ല​ങ്ങ​ളു​ടെ സ​ന്തു​ലി​ത​മാ​യ നി​ല​നി​ൽ​പ്പി​ന് ആധാരമായ 'ഭൗമ അതിരുകൾ' മനുഷ്യർ മറികടന്നതായാണ് ശാസ്ത്രീയപഠനത്തിലുള്ളത്. ഒൻപത് അതിരുകളിൽ - 'മനുഷ്യരാശിയുടെ നിലനിൽപ്പിനായുള്ള സുരക്ഷിത പരിധികൾ'- ഏഴെണ്ണവും മ​നു​ഷ്യ​ർ മ​റി​ക​ട​ന്നിരിക്കുന്നു. പോ​ട്സ്ഡാം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ക്ലൈ​മ​റ്റ് ഇം​പാ​ക്ട് റി​സ​ർ​ച്ചി​ലെ പ്ലാ​ന​റ്റ​റി ബൗ​ണ്ട​റീ​സ് സ​യ​ൻ​സ് ലാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അറുപതിലേറെ പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​ർ ചേ​ർ​ന്നു ത​യാ​റാ​ക്കി​യ '2026 പ്ലാ​ന​റ്റ​റി ഹെ​ൽ​ത്ത് ചെ​ക്ക്' പഠനത്തിൽ ​ഗു​രു​ത​ര മു​ന്ന​റി​യി​പ്പുകളാണുള്ളത്.

സു​ര​ക്ഷി​ത പ​രി​ധി ലം​ഘി​ച്ചത്
മ​നു​ഷ്യജീ​വി​ത​ത്തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷ​വും പ​രി​സ്ഥി​തി​യും ഉ​റ​പ്പാ​ക്കു​ന്ന ഒൻപത് നിർണായക പരിധികളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു ശാ​സ്ത്ര​ജ്ഞ​ർ പ​ഠ​നം ന​ട​ത്തി​യ​ത്. അ​തി​ൽ ഏഴെണ്ണവും ലംഘിക്കപ്പെട്ടതായാണു കണ്ടെത്തൽ. ക്ലൈമറ്റ് ചെയ്ഞ്ച്, ബയോസ്ഫിയർ ഇന്‍റഗ്രിറ്റി, ലാൻഡ്-സിസ്‌റ്റം ചെയ്ഞ്ച്, ഫ്രഷ് വാട്ടർ ചെയ്ഞ്ച്, ബയൊജിയോകെമിക്കൽ ഫ്ളോസ്, നോവൽ എന്‍റിറ്റിസ്, ഓഷ്യൻ അസിഡിഫിക്കേഷൻ എന്നീ ഏഴു പരിധികളാണു ലംഘിക്കപ്പെട്ടിട്ടുള്ളത്.

ഭൂ​മി​യു​ടെ ഓ​സോ​ൺ പാ​ളി​യും അ​ന്ത​രീ​ക്ഷ​ത്തി​ലെ എ​യ്റോ​സോ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​വും മാ​ത്ര​മാ​ണു നി​ല​വി​ൽ സു​ര​ക്ഷി​തപ​രി​ധി​ക്കു​ള്ളി​ലു​ള്ള​ത്. ഇ​തി​ൽ ഓ​സോ​ൺ പാ​ളി​യു​ടെ അ​വ​സ്ഥ​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​യ്​റോ​സോ​ൾ മ​ലി​നീ​ക​ര​ണം ഇ​പ്പോ​ഴും വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ന്നുവെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

വ​ർ​ധിക്കുന്ന അ​പ​ക​ട​സാ​ധ്യ​ത
2009-ലാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ഭൂ​മി​യു​ടെ 'സു​ര​ക്ഷി​ത പ്ര​വ​ർ​ത്ത​ന മേ​ഖ​ല' നി​ർ​ണ​യി​ക്കു​ന്ന പ്ലാ​ന​റ്റ​റി ബൗ​ണ്ട​റീ​സ് മാ​തൃ​ക അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​പ​രി​ധി​ക​ൾ ക​ട​ക്കു​ന്ന​തു പെ​ട്ടെ​ന്നൊ​രു ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​യി​ല്ലെ​ങ്കി​ലും, പ​രി​സ്ഥി​തി​യി​ൽ തി​രി​ച്ചു​പി​ടി​ക്കാ​നാ​വാ​ത്ത വ​ൻ മാ​റ്റ​ങ്ങ​ൾ സംഭവിക്കാനുള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ൾ പോ​ലു​ള്ള സ്വാ​ഭാ​വി​ക സം​വി​ധാ​ന​ങ്ങ​ൾ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നും, ഇ​വ ന​ശി​ക്കു​ന്ന​ത് ആ​ഗോ​ള കാ​ലാ​വ​സ്ഥാ സ്ഥി​ര​ത​യെ​യും ഭ​ക്ഷ​ണ-​കു​ടി​വെ​ള്ള സു​ര​ക്ഷ​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യക്തമാക്കുന്നു.

വേണ്ടത് അ​ടി​യ​ന്ത​ര ന​ട​പ​ടി
സാ​ഹ​ച​ര്യം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ങ്കി​ലും ഭൂ​മി​യെ വീ​ണ്ടും സു​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്കു തി​രി​കെ എ​ത്തി​ക്കാ​ൻ ഇ​നി​യും സ​മ​യ​മു​ണ്ടെ​ന്നു ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഹ​രി​ത​ഗൃ​ഹ വാ​ത​ക പു​റ​ന്ത​ള്ള​ൽ അ​ടി​യ​ന്ത​ര​മാ​യി കു​റ​യ്ക്കു​ക​യും പ്ര​കൃ​തി​ദ​ത്ത ആ​വാ​സ​വ്യ​വ​സ്ഥ​ക​ൾ​ക്കു സം​ഭ​വി​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ ത​ട​യു​ക​യും ചെ​യ്താ​ൽ ഭൂ​മി​യു​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു ഗവേഷണഫലം ചൂണ്ടിക്കാണിക്കുന്നു. ഒ​റ്റ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​യി കാ​ണാ​തെ, ആ​ഗോ​ള പ​രി​സ്ഥി​തി പ്ര​തി​സ​ന്ധി​യു​ടെ ഭാ​ഗ​മാ​യി ​മു​ന്ന​റി​യി​പ്പു​ക​ളെ കാണുകയും ഉടൻതന്നെ ലോകരാജ്യങ്ങൾ ന​ട​പ​ടി​ സ്വീകരിക്കണമെന്നുമാണു ശാ​സ്ത്ര​ലോ​കം വ്യക്തമാക്കുന്നത്.

Latest News

Corehub Up